ഫാസിസ്റ്റ് കാലത്ത് മമ്പുറം തങ്ങളെ വായിക്കേണ്ടത് മമ്പുറം ആണ്ടു നേര്‍ച്ചയ്ക്ക് ഇന്ന് തുടക്കം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

SKSSF Viqaya
By SKSSF Viqaya September 23, 2017 21:18

ഫാസിസ്റ്റ് കാലത്ത് മമ്പുറം തങ്ങളെ വായിക്കേണ്ടത് മമ്പുറം ആണ്ടു നേര്‍ച്ചയ്ക്ക് ഇന്ന് തുടക്കം  സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ഫാസിസ്റ്റ് കാലത്ത് മമ്പുറം തങ്ങളെ വായിക്കേണ്ടത്
മമ്പുറം ആണ്ടു നേര്‍ച്ചയ്ക്ക് ഇന്ന് തുടക്കം

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍FB_IMG_1506181517466

തികച്ചും അസുഖകരമായ രാഷ്ട്രീയ സ്ഥിതിഗതികളിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വെടിയേല്‍ക്കുകയും മുസ്‌ലിം ന്യൂനപക്ഷങ്ങളും ദലിത് അധഃസ്ഥിത വിഭാഗങ്ങളും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത് ഒട്ടും ആശ്വാസത്തിന് വകനല്‍കുന്നതല്ല. പ്രതിരോധത്തിനും പ്രതികരണത്തിനും വരെ പുതിയ തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ പൊതുസമൂഹം നിര്‍ബന്ധിതമാവുന്ന ഈ സാഹചര്യത്തില്‍, മത സാമൂഹികരംഗങ്ങളില്‍ വിവിധ മതവിഭാഗങ്ങളെ കൂടി ചേര്‍ത്തു സൗഹാര്‍ദം തീര്‍ത്ത ഖുതുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ജീവിത ചരിത്രം പുനര്‍വായന നടത്തേണ്ടതുണ്ട്.
മത ജാതി വൈജാത്യങ്ങള്‍ക്കതീതമായി മലബാറിലെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് മമ്പുറം തങ്ങള്‍. മുസ്‌ലിം, മതപ്രബോധകന്‍, ആത്മീയ നായകന്‍, ബഹുജന നേതാവ്, അധഃസ്ഥിത വര്‍ഗ വിമോചകന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ പ്രചാരകന്‍, സ്വാതന്ത്ര്യ സമരസേനാനി, വീരദേശാഭിമാനി തുടങ്ങി ഭിന്ന മാനങ്ങളുള്ള വ്യക്തിത്വമായിരുന്നു തങ്ങളുടേത്.
വര്‍ത്തമാന സാഹചര്യത്തില്‍ രാജ്യത്ത് ഫാസിസം ജനങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാവുകയും കോര്‍പ്പറേറ്റ് മുതലാളിത്വത്തിന്റെ പിന്തുണയോടെ വീണ്ടുമൊരു സാമ്രാജ്യത്വ അധിനിവേശത്തിന് കളമൊരുക്കുകയും ചെയ്യുമ്പോള്‍ മമ്പുറം തങ്ങളുടെ ജീവിത ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. ഒരു ഭാഗത്ത് ചരിത്രകാരന്മാരുടെ തമസ്‌കരണവും മറുഭാഗത്ത് മതകീയതയെ മുന്നില്‍ നിര്‍ത്തി മാത്രമുള്ള ചരിത്ര വായനകളുമായതാണ് കേരളീയ പൊതു സമൂഹത്തിന് അദ്ദേഹത്തെ യഥായോഗ്യം പരിചയപ്പെടാനാകാതെ പോയത്. എന്നാല്‍, ആ നേതൃത്വത്തിന്റെ തണല്‍ പറ്റിയവരിലൂടെ വളര്‍ന്ന് ഒരു തലമുറ മമ്പുറം തങ്ങളുടെ മരണത്തിന്റെ 179ാം ആണ്ട് തികയുന്ന ഈ വേളയിലും ആ ഓര്‍മകളിലൂടെ ജീവിക്കുന്നുവെന്നത് കാലം ആ മഹാപുരുഷനായി കാത്തുവച്ച സവിശേഷതയാണ്.
ആരായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങള്‍? മലബാറിലെ മുസ്‌ലിം ജന സാമാന്യത്തിനിടയിലും ഒപ്പം മുസ്‌ലിമേതര അധഃസ്ഥിതഅടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയിലും ഇന്നും അനല്‍പമായ സ്വാധീന വലയം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധ്യമായെതങ്ങനെ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചരിത്രപരമാണെങ്കിലും സമീപകാല രാഷ്ട്രീയ സാമൂഹിക സ്ഥിതിഗതികളുമായി തട്ടിച്ചുനോക്കുമ്പോഴേ അതിന്റെ യഥാര്‍ഥ പ്രസക്തി വ്യക്തമാവുകയുള്ളൂ. 18ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്, യമനിലെ തരീം പട്ടണത്തില്‍ നിന്ന് പതിനേഴാം വയസില്‍, മമ്പുറം തങ്ങള്‍ കേരളത്തിലെത്തുന്നത്. സാമുദായിക സ്പര്‍ധയും മതവൈരവും തീര്‍ക്കുന്നതിന് അങ്ങേയറ്റം ശ്രമങ്ങള്‍ നടന്നിരുന്ന അക്കാലത്ത് എല്ലാ ജാതി മതസ്ഥരെയും വിശ്വാസത്തിലെടുക്കാന്‍ സാധിച്ചു എന്നിടത്തായിരുന്നു മമ്പുറം തങ്ങളുടെ വിജയം.
ബ്രിട്ടീഷ് അധികാരികളുടെ ഒത്താശയോടെ മലബാറിലെ സാമുദായിക ഐക്യത്തിന് തുരങ്കം വയ്ക്കാനും കടുത്ത ചൂഷണങ്ങള്‍ക്ക് കുടിയാന്മാരെ വിധേയരാക്കാനും ജന്മിമാരും സഹായികളും ശ്രമമാരംഭിക്കുന്നതോടെയാണ് മലബാറില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. വൈദേശികാധിപത്യത്തിനും ജന്മിത്വ പീഡനങ്ങള്‍ക്കുമെതിരായി രൂപം കൊണ്ട ഈ ചെറുത്തുനില്‍പ്പുകള്‍ക്ക് വലിയൊരളവോളം പ്രചോദനം മമ്പുറം തങ്ങളായിരുന്നു. വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കാനും ജാതി മത പീഡനങ്ങള്‍ക്ക് ഇരയാക്കാനുമുള്ള വരേണ്യവര്‍ഗ നീക്കങ്ങള്‍ക്കെതിരേ വലിയ തോതിലുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കാന്‍ മമ്പുറം തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
സാമ്രാജ്യത്വ അധിനിവേശവും ഉപരി വര്‍ഗ മേധാവിത്വവും മലബാറിലെ മുസ്‌ലിംകള്‍ക്കും ദലിത് അധഃസ്ഥിത വിഭാഗങ്ങള്‍ക്കും അസ്തിത്വപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്ന അക്കാലത്തെ ഇന്നുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ശ്രദ്ധിച്ചിരിക്കേണ്ട സമാനതകള്‍ ഒരുപാടുണ്ട് എന്നത് ഏറെ ഭയാനകമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത് ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത് സമാനമായ വ്യാവസായിക താല്‍പര്യങ്ങളുള്ള കോര്‍പ്പറേറ്റ് സാമ്രാജ്യത്വമാണ്.
അവരുടെ താല്‍പര്യങ്ങളുടെ സംരക്ഷകരും ഹിതങ്ങളുടെ രക്ഷാധികാരികളുമായി ഇന്ന് ഭരണകൂടം മാറിയിരിക്കുന്നു. അധികാര സംരക്ഷണത്തിനായി വിഭാഗീയതയുടെ വിത്ത് വിതക്കല്‍ അവരൊരു കുറുക്കു വഴിയായി സ്വീകരിച്ചിരിക്കുന്നു. മതവിദ്വേഷം തലക്ക് പിടിച്ച പൊതുജനങ്ങള്‍ മറ്റെല്ലാം മറക്കുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. ദലിത് മുസ്‌ലിം ന്യൂനപക്ഷങ്ങളെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച് ഭൂരിപക്ഷങ്ങളെ വരുതിയിലാക്കാന്‍ ഹീനശ്രമങ്ങള്‍ നടത്തുന്നു. ആശയങ്ങളെ ആയുധമുപയോഗിച്ച് സംഹരിക്കുന്നു.
നീതിന്യായ സംവിധാനങ്ങളില്‍ അവിശ്വാസം ജനിപ്പിക്കുന്നു. ദേശീയതക്ക് കപടമായ പ്രകടനാത്മകത കല്‍പിച്ച് നല്‍കി പൊതുജനങ്ങളില്‍ വികാരം ഉത്പാദിപ്പിക്കുന്നു. സമീപ കാലത്തായി നമ്മുടെ കണ്‍മുമ്പില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതാണ് മുകളില്‍ കുറിച്ചതോരോന്നും. ഒന്നിലേറെ ഉദാഹരണങ്ങള്‍ ഓരോന്നിനും നിരത്താനുണ്ട് എന്നിരിക്കെ ഇനിയും അവിശ്വാസം ഭാവിക്കുന്നതില്‍ അര്‍ഥമില്ല. പ്രതിരോധത്തിനിറങ്ങും മുമ്പേ നമുക്കാവശ്യം ചില തിരിച്ചറിവുകളാണ്.
കേവലാര്‍ഥത്തിലുള്ള പ്രതിഷേധപ്രകടനങ്ങളിലൂടെ അതിനെ നീക്കം ചെയ്യുക സാധ്യമല്ല. ഇവിടെയാണ് മമ്പുറം തങ്ങളുടെ ജീവിതവും പ്രതിരോധവും നമുക്ക് വഴിവിളക്കുകളാവേണ്ടത്. ബഹുമത വിശ്വാസികള്‍ നൂറ്റാണ്ടുകളായി സഹസഞ്ചാരം നടത്തുകയും കുടുംബജീവിതം നയിക്കുകയും ചെയ്ത നമ്മുടെ രാജ്യത്ത് മമ്പുറം തങ്ങളുടെ സഹിഷ്ണുതയും സമഭാവനയും കൈമുതലാക്കിയ പുതിയ നേതൃത്വം വളര്‍ന്ന് വരണം. ദിനേന ഭീകരരൂപം ആര്‍ജിച്ച് കൊണ്ടിരിക്കുന്ന ഫാസിസത്തിനെതിരെ നമ്മുടെ രാജ്യത്തുള്ള വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രത്യയ ശാസ്ത്രങ്ങളും വൈരം മറന്ന് ഒന്നിക്കണം. വിഭാഗീയതയുടെ ആസുര ചിന്തകള്‍ ഗ്രസിച്ച സമൂഹത്തെ സമവായത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവരാന്‍ ആവശ്യം കൃത്യമായ ആസൂത്രണങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളാണ്. സംഘ്പരിവാര്‍ വര്‍ഗീയ വാദികള്‍ ആഗ്രഹിക്കുന്നത് പോലെ തീവ്രനിലപാടുകളിലേക്ക് ഇരകള്‍ ചേക്കേറുന്നത് സാമൂഹിക ശിഥിലീകരണത്തിനും ഫാസിസത്തിന്റെ വളര്‍ച്ചക്കും കാരണമാവുമെന്ന്കൂടി ഓര്‍ക്കേണ്ടതുണ്ട്.
ഭിന്ന നിലപാടുകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സംവേദനം സ്വതന്ത്രമായി നടക്കുന്ന ഇന്ത്യയാണ് ഇവിടെ പുലരേണ്ടത്. വിവിധ മതങ്ങളും ജാതികളും വര്‍ഗങ്ങളും ദേശങ്ങളും ആശയങ്ങളും ബലവത്തായ ഒരു ചങ്ങലയുടെ കണ്ണികള്‍ കണക്കെ സ്വന്തം അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ ചേര്‍ന്ന് നില്‍ക്കണം.
അവക്കിടയില്‍ വിനിമയങ്ങളും സംവാദങ്ങളും വിമര്‍ശനങ്ങളുമുണ്ടാവണം. പക്ഷേ, ഓരോ കണ്ണിയും വിളക്കിച്ചേര്‍ത്ത് കൊണ്ട് ജനാധിപത്യവും തുല്യനീതിയും സമഭാവനയും മതേതരത്വവും വേണം. ഒപ്പം പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയായി സാമൂഹികാധമത്വം അനുഭവിക്കുന്നവരെ കാണാനുള്ള കണ്ണുമുണ്ടാവണം, സഹായിക്കാനുള്ള ഹസ്തങ്ങളും. ബഹുസ്വരതയുടെ ലോകത്ത് മാനവികതയുടെ മഹിതമായ തലങ്ങളെ സ്വാംശീകരിച്ച മമ്പുറം തങ്ങന്മാര്‍ ഇനിയും ജന്മം കൊള്ളട്ടെ എന്ന പ്രാര്‍ഥനയോടെ.

(മമ്പുറം മഖാമിന്റെ ഭരണം നടത്തുന്ന ചെമ്മാട് ദാറുല്‍ഹുദായുടെ പ്രസിഡന്റ് കൂടിയാണ് ലേഖകന്‍)
#സുപ്രഭാതം

SKSSF Viqaya
By SKSSF Viqaya September 23, 2017 21:18