കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത കാണിക്കണം: SKSSF വിഖായ

admin
By admin July 15, 2015 15:57

കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത കാണിക്കണം: SKSSF വിഖായ

മണ്ണാര്‍ക്കാട്: കേരളീയ സമൂഹത്തില്‍  ഇയ്യിടെയായി വര്‍ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത കാണിക്കണമെന്ന് എസ്‌. കെ. എസ്. എസ്. എഫ്  വിഖായ സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു. മതഭ്രാന്തും കാമഭ്രാന്തും സുഖേച്ഛയും നിയന്ത്രിക്കുന്ന മനസ്സുകള്‍ എന്തിനും മടിക്കാതിരിക്കുമ്പോള്‍ കൊച്ചുകുഞ്ഞുങ്ങളും പടുവൃദ്ധരുമടങ്ങുന്ന നിഷ്‌കളങ്കരായ ജനങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ക്രൂരമായ അക്രമങ്ങള്‍ക്കിരയാകുന്നത് രാജ്യത്തെ നിയമപാലന വ്യവസ്ഥയെയും മാനവിക ചിന്തയെയും ഒരു പോലെ പ്രതിക്കൂട്ടിലാക്കുന്നു. കന്നുകാലികള്‍ക്കും തെരുവുപട്ടികള്‍ക്കും മനുഷ്യജീവനേക്കാള്‍ വിലയുള്ള സമകാലിക സാഹചര്യത്തില്‍   കുറ്റവാളിയുടെ മതവും സമുദായവും നോക്കി മതഭ്രാന്തും ഭ്രാന്തും നിശ്ചയിക്കുന്ന മാധ്യമങ്ങളുടെയും നിയമപാലകരുടെയും ഇടപെടലുകള്‍ സാംസാകാരിക കേരളത്തിന് ലജ്ജാകരമാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതിന്ന്  സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ആവശ്യമായ നിയമ നിര്‍മ്മാണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു. സാമൂഹ്യവിരുദ്ധ  പ്രവണതകളെ മഹത്വവത്ക്കരിക്കുന്ന നവമാധ്യമങ്ങളെയും മയക്കുമരുന്നിനെയും നിയന്ത്രിക്കുന്നതിന്ന് കര്‍ശന നടപടി  സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അരാജകത്വത്തിലേയ്ക്കും അരക്ഷിതാവസ്ഥയിലേക്കും പോകുന്നതിന്നെ തടയുന്നതിന് സമൂഹത്തിന് വലിയ ഉത്തരവാദിത്തമാണ് ഉള്ളതെന്നും ജാതിമതഭേദമന്യെ കൂട്ടായ ഇടപെടലിലൂടെ മാത്രമേ ഇത്തരം മനുഷ്യത്വ രഹിതമായ പ്രവണതകളെ പ്രതിരോധിക്കാനാകൂ എന്നും യോഗം വിലയിരുത്തി. യോഗത്തില്‍ സംസ്ഥാന ചെയര്‍മാന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷം വഹിച്ചു. സയ്യിദ് ഒ.എം.എസ്.തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി റഫീഖ് അഹമ്മദ് തിരൂര്‍ പദ്ധതി പ്രഖ്യാപിച്ചു. ആര്‍.വി.അബൂബക്കര്‍ യമാനി കണ്ണൂര്‍, മുഹമ്മദ് നിസാം കോഴിക്കോട്, സിറാജുദ്ദീന്‍.കെ.എം.തൃശൂര്‍, അബ്ദുറഹിമാന്‍ കോഴിക്കോട്, ഉമറലി ശിഹാബ് എടവണ്ണപ്പാറ, ശിഹാബ് വയനാട്, അബ്ദുല്‍ ഗഫൂര്‍ കോഴിക്കോട്, നിഷാദ് പട്ടാമ്പി, തുടങ്ങിയവര്‍ സംസാരിച്ചു. വിഖായ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം.എ.ജലീല്‍ ഫൈസി സ്വഗാതവും വര്‍ക്കിങ്ങ് കണ്‍വീനര്‍ സലാം ഫറോക്ക് നന്ദിയും പറഞ്ഞു.
admin
By admin July 15, 2015 15:57